
കടുത്തുരുത്തി: കള്ളുഷാപ്പിലെ കള്ളുവിൽപനക്കാരിയെന്നത് പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന ജോലിയാണെന്ന ധാരണ തിരുത്തുകയാണ് കടുത്തുരുത്തിയിലെ സിന്ധു രാജീവ് (47). സംസ്ഥാനത്ത് കള്ളുഷാപ്പിൽ കള്ളുവിൽപനക്കാരിയായി ജോലിക്കെത്തിയ ആദ്യ വനിതയാണ് സിന്ധു. സ്ത്രീകൾക്കും കള്ളുഷാപ്പിൽ ജോലി ചെയ്യാമെന്ന കോടതി നിലപാട് വരുന്നതിനും മാസങ്ങൾക്കു മുൻപേയാണ് സിന്ധു ഈ തൊഴിൽ ഏറ്റെടുത്തത്.
ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗമാണ് സിന്ധുവിനെ പുതിയൊരു തൊഴിൽമേഖലയിലേക്ക് എത്തിച്ചത്. 25 വർഷമായി കടുത്തുരുത്തി ടി.എസ്. നമ്പർ 49 കള്ളുഷാപ്പിൽ വിൽപനക്കാരനായി ജോലി ചെയ്തിരുന്ന ഭർത്താവ് രാജീവ് 2025 ജൂലൈ 17ന് മരിച്ചു. രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലായതോടെ ഭർത്താവിന്റെ ജോലി ഏറ്റെടുക്കാൻ സിന്ധു തീരുമാനിച്ചു.
തന്റെ ആഗ്രഹം ഷാപ്പ് ലൈസൻസികളായ അജയനെയും ഫിനിൽ ചെറിയാനെയും അറിയിച്ചു. അവർ എതിർപ്പൊന്നുമില്ലാതെ സമ്മതിച്ചതോടെ മൂന്ന് മാസം മുൻപ് സിന്ധു ജോലിയിൽ പ്രവേശിച്ചു. അങ്ങനെ ഭർത്താവ് ജോലി ചെയ്തിരുന്ന അതേ ഷാപ്പിൽ സിന്ധുവും കള്ളുവിൽപനക്കാരിയായി.
രാവിലെ എട്ടിന് ആരംഭിക്കുന്ന ജോലി രാത്രി എട്ടുവരെ നീളും. ഷാപ്പിലെത്തുന്നവർക്ക് കള്ള് അളന്നുനൽകുകയാണ് ചുമതല. ടൗൺ ഷാപ്പായതിനാൽ ഉപഭോക്താക്കളുടെ തിരക്കിനും കുറവില്ല. ദിവസേന നൂറ് ലീറ്ററിലധികം കള്ള് വിൽക്കുന്നുണ്ട്.
ജോലിക്കിടെ സ്ത്രീയെന്ന നിലയിൽ പ്രത്യേക ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടിവന്നിട്ടില്ലെന്നാണ് സിന്ധുവിന്റെ അനുഭവം. ഉപഭോക്താക്കളും സഹപ്രവർത്തകരും നല്ല രീതിയിലാണ് പെരുമാറുന്നത്. സാധാരണ കള്ളുഷാപ്പുകളിൽ ഉണ്ടാകാറുള്ള തർക്കങ്ങളും ബഹളങ്ങളുമൊന്നും താൻ ജോലിക്കെത്തിയ ശേഷം ഉണ്ടായിട്ടില്ലെന്നും സിന്ധു പറയുന്നു. വേതനത്തിന്റെ കാര്യത്തിലും പരാതിയില്ല.
എക്സൈസ് ഉദ്യോഗസ്ഥർക്കും യൂണിയൻ ഓഫീസിലും ക്ഷേമനിധി ബോർഡിലുമെല്ലാം സിന്ധുവിന്റെ നിയമനം ആദ്യഘട്ടത്തിൽ കൗതുകമായിരുന്നു. എന്നാൽ, തന്റെ ജോലിയിലൂടെ ആ കൗതുകത്തെ ആത്മവിശ്വാസമാക്കി മാറ്റുകയാണ് സിന്ധു. കൂടുതൽ സ്ത്രീകൾ കള്ളുഷാപ്പുകളിലെ തൊഴിൽമേഖലയിലേക്ക് കടന്നുവരണമെന്നാണ് സിന്ധുവിന്റെയും ഷാപ്പ് ഉടമകളുടെയും നിലപാട്. പ്രതിസന്ധിക്കു മുന്നിൽ പിന്മാറാതെ ഭർത്താവിന്റെ തൊഴിൽ ഏറ്റെടുത്ത സിന്ധു ഇന്ന് പുതിയൊരു മാതൃകയാകുകയാണ്.








